കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയ പ്രീപെയ്ഡ് ഓട്ടോ റിക്ഷാ സംവിധാനം ജനങ്ങളെ പിടിച്ചുപറിക്കുന്നതായി വ്യാപക രാതി ഉയരുന്നു.നിശ്ചയിച്ചതിലും കൂടുതല്‍ പണം ഓട്ടോറിക്ഷകള്‍ ഈടാക്കാന്‍ തുടങ്ങിയപ്പോഴാണ് ആര്‍ടിഒ ഇടപെട്ട് പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തിയത്. തുടക്കത്തില്‍ നല്ല രീതിയില്‍ കൊണ്ടുപോയെങ്കിലും ഇപ്പോള്‍ യാത്രക്കാരില്‍ നിന്നും പരമാവധി പണം പിടിച്ചുപറിക്കുന്ന രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം.പ്രീപെയ്ഡ് ഓട്ടോ കൗണ്ടറില്‍ നിന്നും ലഭിക്കുന്ന രസീതില്‍ പോകേണ്ടുന്ന സ്ഥലം പേനകൊണ്ട് രേഖപ്പെടുത്തിയാണ് നല്‍കുന്നത്. മിക്ക ബില്ലുകളിലും പണം രേഖപ്പെടുത്തുന്ന പതിവും ഇല്ല.ചില രസീതുകളിലാകട്ടെ യാത്രയ്ക്ക് ഉയര്‍ന്ന ഓട്ടോ ചാര്‍ജ് രേഖപ്പെടുത്തുന്നതും പതിവാണ്. ഇക്കാര്യം ചോദിച്ചാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി പറയുന്ന സ്ഥലങ്ങള്‍ മാറിപ്പോകാറുണ്ടെന്നും ചാര്‍ജിലെ തര്‍ക്കം ഒഴിവാക്കാനാണിതെന്നുമാണ് വിശദീകരണം. സ്ഥലത്തെക്കുറിച്ചും ഓട്ടോ ചാര്‍ജിനെക്കുറിച്ചും അറിയാവുന്നവര്‍ക്കുമാത്രം ബില്‍ തുകയില്‍ കുറച്ചുനല്‍കും.എന്നാല്‍, സ്ഥലത്തെക്കുറിച്ചറിയാത്ത സ്ഥിരമായി യാത്ര ചെയ്യാത്തവരില്‍ നിന്നും ബില്ലില്‍ രേഖപ്പെടുത്തിയ തുക തന്നെ ഓട്ടോക്കാര്‍ കൈപ്പറ്റുന്ന സ്ഥിതിയാണ്. കഴിഞ്ഞദിവസം അലവിലേക്ക് ഓട്ടോ പിടിച്ച യുവാവിന്റെ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഒരു രൂപ മാത്രമാണ്. യാത്ര കഴിഞ്ഞാല്‍ ഇഷ്ടമുള്ള തുക ഓട്ടോക്കാര്‍ക്ക് ഈടാക്കാന്‍ വേണ്ടിയുള്ള സൗകര്യത്തിനാണിത്.അതുപോലെ, ജോണ്‍ മിൽ റോഡിലേക്ക് ഓട്ടോ ആവശ്യപ്പെട്ടയാളുടെ രസീതില്‍ ഉയര്‍ന്ന തുകയും രേഖപ്പെടുത്തി. ജോണ്‍ മില്ലിലേക്കുള്ള ഓട്ടോ ചാര്‍ജിനെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ മാത്രം ചാര്‍ജ് കുറച്ചു നല്‍കി. ഇതേക്കുറിച്ചറിയാത്തവരില്‍നിന്നും മുഴുവന്‍ തുകയും ഈടാക്കുകയും ചെയ്യും.ആര്‍ടിഒ ഉദ്യോഗസ്ഥരും ഓട്ടോ തൊളിലാളികളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. യാത്രക്കാരില്‍നിന്നും ഈടാക്കുന്ന പണത്തിന്റെ ഒരു പങ്ക് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിനാലാണ് വിഷയം പരിഹരിക്കാത്തതെന്നും ആക്ഷേപമുണ്ട്. കണ്ണൂര്‍ പ്രീപെയ്ഡ് ഓട്ടോ സംവിധാനം കാര്യക്ഷമവും സുതാര്യവുമല്ലെങ്കില്‍ കനത്ത പ്രതിഷേധമുയര്‍ത്താനാണ് പ്രദേശത്തെ ഒരു വിഭാഗം യാത്രക്കാരുടെ തീരുമാനം.